ജില്ലയെ കുറിച്ച്
വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൌന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.