ക്ലോസ്

നദികളും തടാകങ്ങളും

നദികള്‍

നദികള്‍, തോടുകള്‍,കായലുകള്‍ എന്നീ ജല ശ്രോതസ്സുകളാല്‍ സമ്പന്നമാണ് ആലപ്പുഴ. മണിമല, പമ്പ,അച്ചന്‍കോവില്‍ എന്നിവയാണ് പ്രധാന നദികള്‍.

മണിമലയാര്‍

കോട്ടയം ജില്ലയിലെ മുത്തവറ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന മണിമലയാര്‍ കുട്ടനാട് താലുക്കിലെ തലവടി വില്ലേജില്‍ വെച്ച് ജില്ലയില്‍ പ്രവേശിച്ച് എടത്വ , ചമ്പക്കുളം വില്ലേജുകളില്‍ കൂടി ഒഴുകി മുട്ടാറില്‍ വെച്ച് പമ്പാനദിയില്‍ ചേരുന്നു. 91.73 കി.മീ. നീളവും, 802.9 കി.മീ. ഡ്രെയിനെജ് വിസ്തൃതിയുമുള്ള മണിമലയാര്‍ , കവിയൂര്‍, കല്ലൂപ്പാറ, തലവടി, കോഴിമുക്ക്‌ , ചമ്പക്കുളം എന്നീ വില്ലേജുകളില്‍ കൂടി ഒഴുകുന്നു.

പമ്പാനദി

കേരളത്തിലെ നദികളില്‍ നീളത്തില്‍ മൂന്നാം സ്ഥാനത്തുള്ള പമ്പാനദി , ഇടുക്കി ജില്ലയിലെ പീരുമേട് പുളച്ചി മലയില്‍ നിന്നുല്‍ഭവിച്ച് , ചെങ്ങന്നൂരില്‍ വെച്ച് ജില്ലയില്‍ പ്രവേശിക്കുന്നു. പാണ്ടനാട്‌ , വീയപുരം , തകഴി, ചമ്പക്കുളം എന്നീ വില്ലജുകളില്‍ കൂടി 177.08 കി.മീ. ഒഴുകി, പള്ളാത്തുരുത്തിയാര്‍ , നെടുമുടിയാര്‍, മുട്ടാര്‍ എന്നീ കൈവഴികളായി പിരിഞ്ഞ് വേമ്പനാട് കായലില്‍ ചേരുന്നു. പമ്പാനദിക്ക് 117 കി.മീ. നീളമുണ്ട് . ജലഗതാഗതയോഗ്യമായ നീളം 73 കിലോമീറ്ററും , വൃഷ്ടിപ്രദേശത്തിന്റെ വിസ്തൃതി 1987.17 ച.കി.മീ. ആണ്. പമ്പയാര്‍, കക്കിയാര്‍ , അഴുതയാര്‍, കക്കാട് ആര്‍, കല്ലാര്‍ എന്നിവയാണ് പ്രധാന കൈവഴികള്‍.

അച്ചന്‍കോവിലാര്‍

കൊല്ലം ജില്ലയിലെ പശുക്കിടാമേട് , രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ചാണ് അച്ചന്‍കോവിലാര്‍ ഉണ്ടായിരിക്കുന്നത്. 32.19 കി.മീ. നീളവും, 1155.14 ച.കി.മീ. വൃഷ്ടി പ്രദേശവുമുള്ള ഈ നദി ജില്ലയില്‍ പ്രവേശിക്കുന്നത് വെണ്മണിയില്‍ വെച്ചാണ്. ചെങ്ങന്നൂര്‍ താലൂക്കിലെ ചെറിയനാട്, പുലിയൂര്‍, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കിലെ ചെന്നിത്തല, ത്രിപ്പെരുംതുറ എന്നീ വില്ലേജുകളിലൂടെ ഒഴുകി, കാര്‍ത്തികപ്പള്ളി താലൂക്കിലെ പള്ളിപ്പാട് വഴി , വീയപുരത്തുവെച്ച് പമ്പയാറിനോട് ചേരുന്നു.

വേമ്പനാട് കായല്‍

84 കി.മീ നീളവും, 3.1 കി.മീ വീതിയുമായി ആലപ്പുഴ ജില്ല മുതല്‍ കൊച്ചി വരെ 204 ച.കി.മീ. വ്യാപിച്ചു കിടക്കുന്ന വേമ്പനാട് കായല്‍ , വെസ്റ്റ്‌ കോസ്റ്റ് കനാല്‍ സിസ്റ്റത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലാശയമാണ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് എന്നീ താലൂക്കുകളും, കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളും, എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകളുമായി അതിര്‍ത്തി പങ്കിടുന്നു. പമ്പ,അച്ചന്‍കോവില്‍ , മണിമല, മീനച്ചില്‍, മൂവാറ്റുപുഴ എന്നീ നദികള്‍ ഈ കായലില്‍ സംഗമിക്കുന്നു. സസ്യജൈവ വൈവിധ്യങ്ങളുടെ കലവറയായ പാതിരാമണല്‍ ദ്വീപ്‌ വേമ്പനാട് കായലിലാണ് സ്ഥിതി ചെയ്യുന്നത്. പെരുമ്പളവും, പള്ളിപ്പുറവുമാണ് മറ്റു ദ്വീപുകള്‍. വേമ്പനാട് കായലിനു കുറുകെ ആലപ്പുഴയിലെ തണ്ണീര്‍മുക്കവും, കോട്ടയത്തെ വെച്ചൂരും ബന്ധിപ്പിക്കുന്ന തണ്ണീര്‍മുക്കം ബണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ തടയണയാണ് .

കായംകുളം കായല്‍

പന്മനക്കും, കാര്‍ത്തികപ്പള്ളിക്കും  മദ്ധ്യേ കിടക്കുന്ന കായംകുളം കായല്‍, കായംകുളം ബരാജില്‍ വെച്ച് കടലില്‍ ചേരുന്നു. ചവറ-പന്മന കനാല്‍ വഴി അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള, ആഴം കുറഞ്ഞ ഈ കായലിന് 59.57 ച.കി.മീ. വിസ്തീര്‍ണ്ണവും, 30.5 കി.മീ. നീളവും, ശരാശരി 2.4 കി.മീ. വീതിയും ഉണ്ട്.

തോടുകള്‍

ആലപ്പുഴയില്‍ തോടുകളുടെ ഒരു ശൃംഖല തന്നെ ഗതാഗതത്തിനായി വെസ്റ്റ് കോസ്റ്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വാടത്തോട് , കൊമേഴ്സ്യല്‍ കനാല്‍, ഇവയെ ബന്ധിപ്പിക്കുന്ന മറ്റു തോടുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട കനാലുകള്‍. ഇവ കൂടാതെ വാണിജ്യാവശ്യങ്ങള്‍ക്കും, ചരക്കുനീക്കങ്ങള്‍ക്കും, ഗതാഗതത്തിനുമായി ഉപയോഗിക്കുന്ന ധാരാളം ഉള്‍നാടന്‍ തോടുകളുമുണ്ട്.
ഉള്‍നാടന്‍ മത്സ്യബന്ധനം ഈ കായലുകളിലും, തോടുകളിലും ധാരാളമായി നടന്നു വരുന്നു.

കടല്‍ത്തീരം

82 കി.മീ. നീളത്തില്‍ ഇടമുറിയാതെ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ തീരപ്രദേശം കേരളത്തിന്റെ ആകെ തീരപ്രദേശത്തിന്റെ 13.9% ആണ്. തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴുണ്ടാകുന്ന ഹൈഡ്രോളിക് മർദ്ദം മൂലം ചെളിയടിയുമ്പോള്‍ ആലപ്പുഴ-പുറക്കാട് തീരത്ത് ഏകദേശം 25 കിലോമീറ്ററോളം ‘ചാകര’ എന്നറിയപ്പെടുന്ന പ്രതിഭാസം ഉണ്ടാകാറുണ്ട്.