ക്ലോസ്

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026

“നാം വസിക്കുന്ന ഭൂമി നമുക്കെല്ലാവർക്കും പൊതുവായുള്ളത്. മനുഷ്യനിർമ്മിതമായ നാശത്തിൽ നിന്ന് ഈ ഭൂമിയെയും നമ്മുടെ ദേശത്തേയും സംരക്ഷിക്കുന്നതിനുള്ള അവബോധം പകർന്നുനൽകാൻ, 2026ലെ ഖരമാലിന്യ സംസ്ക്കരണ ചട്ടങ്ങള്‍ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ പ്രതിജ്ഞാബദ്ധരായ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും, കർമ്മനിരതരായ ശുചീകരണ തൊഴിലാളികള്‍ക്കും കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിന് കീഴിൽ കൊണ്ടുവന്ന നിയമപരമായ ചട്ടക്കൂട് ഇന്ത്യൻ പൗരന്മാരുടെ പുരോഗതിക്കും ക്ഷേമത്തിനും ഉതകുന്ന ഒരു മാറ്റത്തിന് വഴിയൊരുക്കും. വരുംതലമുറകൾക്ക് ജീവിക്കാൻ അനുയോജ്യമായ ഒരു ഭൂമി അവശേഷിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും പൊതുവായ ഉത്തരവാദിത്തമായിരിക്കണം. ഭൂമിയെ സംരക്ഷിച്ചതിന് നാളത്തെ തലമുറ നൽകുന്ന നന്ദിവാക്കുകൾ നമുക്ക് കേൾക്കാനാവില്ലായിരിക്കാം; എന്നാൽ വരുംതലമുറയ്ക്ക് വേണ്ടി ത്യാഗം ചെയ്യാനും, അക്ഷീണം പ്രയത്നിക്കാനും, സ്വയം സമർപ്പിക്കാനുമുള്ള നമ്മുടെ സന്നദ്ധത, വരുംകാലങ്ങളിലേക്ക്, നമ്മുടെ മനസ്സാക്ഷിയുടെ അടയാളമായി നിലനിൽക്കും.”

ഖരമാലിന്യ സംസ്ക്കരണ ചട്ടങ്ങൾ (2026) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണം (സിവിൽ അപ്പീൽ നമ്പർ 6174/2023 തീയതി 05.05.2026)

ആമുഖം

നേരത്തെയുണ്ടായിരുന്ന ചട്ടങ്ങൾക്ക് പകരമായി,കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം നിർബന്ധമാക്കപ്പെട്ട ഈ ചട്ടങ്ങൾ 01.04.2026 മുതല്‍ പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നു.

നാല്-തലത്തിലുള്ള മാലിന്യ വേർതിരിക്കൽ (എല്ലാ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ബാധകം)

ഉത്ഭവസ്ഥാനത്തുതന്നെ ഖരമാലിന്യം നാല് വിഭാഗങ്ങളായി വേർതിരിക്കുന്നത് ഇപ്പോൾ നിർബന്ധമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ, ​​നിശ്ചയിക്കപ്പെട്ട ശേഖരണ കേന്ദ്രങ്ങൾക്കോ ​​കൈമാറുന്നതിന് മുൻപായി മാലിന്യം താഴെ പറയുന്ന വിഭാഗങ്ങളായി വേർതിരിക്കേണ്ടതാണ്:

  • ജൈവമാലിന്യം: മണ്ണിൽ അലിഞ്ഞുചേരുന്ന മാലിന്യങ്ങൾ (ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ).
  • ഉണങ്ങിയ മാലിന്യം: പുനരുപയോഗിക്കാവുന്നവ (പ്ലാസ്റ്റിക്, കടലാസ്, ലോഹം, ഗ്ലാസ്, മരം, റബ്ബർ). ഇവ ‘മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലേക്ക്’ കൊണ്ടുപോകുന്നതാണ്.
  • ശുചിത്വ മാലിന്യം: ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ, ടാംപോണുകൾ, കോണ്ടം എന്നിവ. ഇവ സുരക്ഷിതമായി പൊതിഞ്ഞ് പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.
  • പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മാലിന്യം: വീടുകളിൽ നിന്നുള്ള അപകടകരമായ മാലിന്യങ്ങൾ (പെയിന്റ് ടിന്നുകൾ, ബൾബുകൾ, മെർക്കുറി തെർമോമീറ്ററുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, ബാറ്ററികൾ, ഉപയോഗിച്ച സൂചികൾ).

വൻകിട മാലിന്യ ഉല്‍പ്പാദകര്‍ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

വൻതോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവർക്കെതിരെ ഭരണകൂടം കർശന നടപടികൾ സ്വീകരിക്കുന്നതിനാൽ ഇതൊരു സുപ്രധാന വിഭാഗമാണ്.

ആരാണ് വൻതോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്നവർ?

താഴെ പറയുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്ന സ്ഥാപനങ്ങൾ/സംവിധാനങ്ങൾ:

  1. 20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ.
  2. പ്രതിദിനം 40,000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ.
  3. പ്രതിദിനം 100 കിലോഗ്രാമോ അതിൽ കൂടുതലോ ഖരമാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ.

(ഇതിൽ റെസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾ, ഗേറ്റഡ് കമ്മ്യൂണിറ്റികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാൻക്വറ്റ് ഹാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ ഉൾപ്പെടുന്നു).

വന്‍കിട മാലിന്യ ഉല്‍പ്പാദകര്‍ക്കുള്ള നിർബന്ധിത വ്യവസ്ഥകൾ:

  • ഓൺലൈൻ രജിസ്ട്രേഷൻ: എല്ലാ വന്‍കിട മാലിന്യ ഉല്‍പ്പാദകരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടപ്പിലാക്കിയ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ഉറവിടത്തില്‍തന്നെ സംസ്കരിക്കൽ: നനഞ്ഞ മാലിന്യം, പൂന്തോട്ട മാലിന്യം എന്നിവ അതത് സ്ഥലത്തുതന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ (കമ്പോസ്റ്റിംഗ് അല്ലെങ്കിൽ ബയോമെഥനേഷൻ വഴി) വന്‍കിട മാലിന്യ ഉല്‍പ്പാദകര്‍ സജ്ജീകരിക്കുകയും പ്രവർത്തിപ്പിക്കുകയും വേണം.
  • ഇ.ബി.ഡബ്ല്യു.ജി.ആർ സർട്ടിഫിക്കറ്റ്: ഉറവിടത്തില്‍തന്നെ സംസ്കരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, പ്രത്യേക മാലിന്യ സംസ്കരണ സേവനങ്ങൾക്കായി പണം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ‘എക്സ്റ്റൻഡഡ് ബൾക്ക് വേസ്റ്റ് ജനറേറ്റർ റെസ്പോൺസിബിലിറ്റി’ (ഇ.ബി.ഡബ്ല്യു.ജി.ആർ) സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മുനിസിപ്പൽ കൗൺസിലിൽ നിന്നോ പഞ്ചായത്തിൽ നിന്നോ വന്‍കിട മാലിന്യ ഉല്‍പ്പാദകര്‍ നേടേണ്ടതാണ്.

ഡൗൺലോഡ് ചെയ്യാവുന്ന വിഭവങ്ങളും ഔദ്യോഗിക അറിയിപ്പുകളും

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ (ഗസറ്റ് വിജ്ഞാപനം) കാണുക

ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവുകൾ കാണുക

പ്രത്യേക സെൽ രൂപീകരിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് കാണുക

ബോധവൽക്കരണ പരിപാടികളും ഐ.ഇ.സി. പ്രവർത്തനങ്ങളും

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതും അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട്, ഭരണനിർവ്വഹണ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർക്കായി ശേഷി വർദ്ധിപ്പിക്കൽ ശിൽപശാലകളും പരിശീലന പരിപാടികളും പതിവായി സംഘടിപ്പിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക ഐ.ഇ.സി. (വിവര-വിദ്യാഭ്യാസ-ആശയവിനിമയ) പരിപാടികളും നടത്തിവരുന്നു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ജില്ലാ ശുചിത്വ മിഷൻ ഇത്തരം ഐ.ഇ.സി. പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ജില്ലയിലെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ അടിസ്ഥാന വിവരം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

ജില്ലാ പഞ്ചായത്ത് – 1

ബ്ലോക്ക് പഞ്ചായത്തുകള്‍ – 12

ഗ്രാമ പഞ്ചായത്തുകള്‍ – 72

ആകെ നഗരസഭാ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ – 1384

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി മാലിന്യം ശേഖരിക്കുന്നവരുടെ എണ്ണം  – 2577

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ലഭ്യമായ വാഹനങ്ങളുടെ എണ്ണം – 75

മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റീസ് – 89

മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റീസ് – 1260

റിസോഴ്സ് റിക്കവറി  ഫെസിലിറ്റീസ് – 7

കമ്മ്യൂണിറ്റി ബയോ വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റീസ് – 238

നിയമലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികളും നിരീക്ഷണവും

ജില്ലാ സ്പെഷ്യൽ സെൽ

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്പെഷ്യൽ സെല്ലിൽ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും. സ്പെഷ്യൽ സെൽ കൃത്യമായ ഇടവേളകളിൽ യോഗം ചേരുകയും ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുന്നു. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ പതിവായി പരിശോധന നടത്തുക, അനധികൃതമായി മാലിന്യം തള്ളുന്നത് നിരീക്ഷിക്കുക, പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തുക, നിയമലംഘനങ്ങൾ തിരിച്ചറിയുക എന്നിവ സ്പെഷ്യൽ സെല്ലിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ രണ്ടാഴ്ചയിലൊരിക്കൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓൺലൈൻ പോർട്ടൽ വഴി ജില്ലാ സ്പെഷ്യൽ സെൽ സമർപ്പിക്കുന്നു.

ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെയും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്ററുടെയും നിയന്ത്രണത്തിലാണ് ഈ സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. ഇവർ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും ചട്ടലംഘനങ്ങൾ കണ്ടെത്തുകയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മുഖേന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാനതല ‘വാർ റൂം’ പോർട്ടൽ വഴിയാണ് സമർപ്പിക്കുന്നത്. ഈ പോർട്ടൽ വഴി എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ സംസ്ഥാന-ജില്ലാതല നിരീക്ഷണം സാധ്യമാണ്.

ഇന്റേണൽ വിജിലൻസ് ഓഫീസർമാർ (ഐ.വി.ഒ.) സ്ക്വാഡ്

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ജില്ലയില്‍, അഞ്ച് ഇന്റേണൽ വിജിലൻസ് ഓഫീസർമാർ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഐ.വി.ഒ-യ്ക്കും ബ്ലോക്ക് പഞ്ചായത്ത് തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക ഇന്‍സ്പെക്ഷന്‍ സ്ക്വോഡ് ഉണ്ട്. തങ്ങളുടെ അധികാരപരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഐ.വി.ഒ സ്ക്വാഡ് പതിവായി പരിശോധനകൾ നടത്തുകയും, ചട്ടലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു. ഐ.വി.ഒ സ്ക്വാഡിന്റെ പരിശോധനാ റിപ്പോർട്ടുകൾ ‘വാർ റൂം’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും, സംസ്ഥാന-ജില്ലാ തലങ്ങളിലുള്ള ഓൺലൈൻ നിരീക്ഷണത്തിലൂടെ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ആലപ്പുഴ ജില്ലയിൽ 72 ഗ്രാമപഞ്ചായത്തുകളും 6 മുനിസിപ്പാലിറ്റികളുമുണ്ട്. മാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ട്. ഈ സ്‌ക്വാഡുകളുടെ പ്രവർത്തനങ്ങൾ ‘വാർ റൂം’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്നു.

നിയമലംഘനം റിപ്പോർട്ട് ചെയ്യുക / ഞങ്ങളെ ബന്ധപ്പെടുക

ഏകീകൃത വാട്സാപ്പ് നമ്പർ: 9446700800

മാലിന്യ സംസ്കരണ ചട്ടങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ലംഘനം നടക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള ഫോട്ടോകൾ സഹിതം 9446700800 എന്ന ഏകീകൃത വാട്സാപ്പ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാർക്കും അവസരമുണ്ട്. ‘വാർ റൂം പോർട്ടൽ’ വഴിയാണ് ഇവ നിരീക്ഷിക്കുന്നത്; സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിശ്ചിത സമയത്തിനുള്ളിൽ ഇതേ പോർട്ടലിൽ പൗരന്മാർക്ക് ലഭ്യമാകും. 

ഈ വാട്സാപ്പ് നമ്പറിലൂടെ ലഭിക്കുന്ന പരാതികൾ സംസ്ഥാനതലത്തിൽ നിരീക്ഷിക്കുന്നത് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നു.

താഴെ പറയുന്ന ജില്ലാ ഓഫീസുകളുടെ ഇമെയിൽ വിലാസങ്ങൾ വഴിയും പൗരന്മാർക്ക് മാലിന്യ സംസ്കരണ ചട്ടങ്ങളുടെ ലംഘനം റിപ്പോർട്ട് ചെയ്യാവുന്നതാണ്:

ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആലപ്പുഴ – jdlsgdalp@gmail.com

ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വ മിഷൻ – tscalappuzha@gmail.com

ജില്ലാ എൻവയോൺമെന്റൽ എൻജിനീയർ, കെ.പി.സി.ബി, ആലപ്പുഴ – alpy.pcb@gmail.com