നെഹ്രുട്രോഫി വള്ളംകളി
പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍െറ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്തി വരുന്നു. വാശിയേറിയ മത്സര വള്ളംകളിയുടെ ആ ദിവസം കായല്‍തീരം ഒരു മനുഷ്യ മഹാസമുദ്രമായി മാറുന്നു. . വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം പേര് ഈ മത്സര വള്ളം കളി കാണാന്‍ എത്തുന്നതായി കണക്കാക്കപ്പെടുന്നു..
ഏറ്റവുമധികം മത്സരാധിഷ്ഠതവും ജനപ്രിയവുമായ വള്ളം കളികളില്‍ ഒന്നാണിത്.
ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന് വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന് വള്ളങ്ങള്‍ നയന മനോഹരമാണ്…
പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രുവിന്‍െറ ആലപ്പുഴ സന്ദര്‍ശനത്തില്‍ നിന്നാണ് ഈ ജലോല്‍സവത്തിന്‍െറ ആരംഭം. കേരള സന്ദര്‍ശന വേളയില്‍ നെഹ്രുവിന് കോട്ടയം മുതല്‍ ആലപ്പുഴ വരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടിവന്നു. ഈ യാത്രയില്‍ ബോട്ടുകളുടെ ഒരു വലിയ നിര അദ്ദേഹത്തെ അനുഗമിച്ചു. നെഹ്രുവിനോടുള്ള ആദര സൂചകമായി 1952 ലാണ് ആദ്യ വള്ളം കളി നടത്തിയത്. ചുണ്ടന് വള്ളങ്ങളുടെ ആ ആദ്യ മത്സരത്തില്‍ “നടുഭാഗം ചുണ്ടന് ” ഒന്നാം സ്ഥാനത്തെത്തി. തുഴക്കാരുടെ പ്രകടനത്തില്‍ ഉത്സാഹഭരിതനായ നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി. 1952 ഡിസംബര്‍ മാസം ഡല്‍ഹയില്‍ തിരിച്ചെത്തിയ നെഹ്രു വിജയികള്‍ക്ക് തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ ഒരു വള്ളത്തിന്‍െറ രൂപം സമ്മാനമായി നല്കി.
“തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്‍െറ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്.”
അതാണ് “നെഹ്രുട്രോഫി “യായി പിന്നീട് മാറിയത്. ട്രോഫിയില്‍ പ്രഥമ പ്രധാനമന്ത്രിയുടെ കയ്യൊപ്പിനു മുകളിലായി ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.
ആലപ്പുഴ പട്ടണത്തിന്‍െറ വടക്കുമാറിയുള്ള ആര്യാട് (കൊറ്റംകുളങ്ങര) മണ്‍റോ ലൈറ്റിനു താഴെ മനോഹരമായി അലങ്കരിച്ചൊരുക്കിയിരിക്കുന്ന മണ്ഡപം. ഒരു താല്‍ക്കാലിക പ്ലാറ്റ്ഫോമും പന്തലും അതില്‍ കലാപരമായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും.
മണ്ഡപത്തിനു മുന്നില്‍ പരന്നു കിടക്കുന്ന വേമ്പനാട്ട് കായല്‍ . ഒരു മൈല്‍ നീളത്തില്‍ മുളങ്കാലുകളിട്ട്, മുപ്പത് മീറ്റര്‍ വീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന എട്ടു ട്രാക്കുകള്‍. പ്രത്യേക ബോട്ടുകളും, മോട്ടോര്‍ ബോട്ടുകളും, വലിയ നാടന്‍ വള്ളങ്ങളും വരിവരിയായി കിടക്കുന്നു. കുട്ടനാടിന്‍െറ മക്കള്‍ ആനന്ദ ലഹരിയിലാണ്.
നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്ക് വഴിമാറുന്നു. ക്ഷമാപൂര്‍വമായ കാത്തിരിപ്പ്. സമയം ഉച്ചകഴിഞ്ഞ് 1 മണി 40 മിനിറ്റ്.
“” എത്തിക്കഴിഞ്ഞു……………., എത്തിക്കഴിഞ്ഞു.. “”
എല്ലാവരുടേയും കൈകള്‍ ദൂരെ ഒരു ബിന്ദുവിലേക്ക് ചൂണ്ടുന്നു. എല്ലാ ദൃഷ്ടികളും ദൂരെ ഒരു ബിന്ദുവിലേക്ക് ! ജലപ്പരപ്പില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ” ഡൊറോത്തി ” എന്ന വിശേഷാല്‍ ബോട്ട് രാജ പ്രൗഢിയോടെ നീങ്ങിവരുന്നു. അന്തരീക്ഷം ശബ്ദ മുഖരിതം. ബോട്ട് മണ്ഡപത്തിലേക്ക് അടുത്തുവരുന്നു. പൈജാമയും കുര്‍ത്തയും ധരിച്ച്, ഗാന്ധി തൊപ്പി അണിഞ്ഞ്, പധാന് ഷൂ ഇട്ട് അതാ ആരാധ്യനായ അതിഥി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു , മണ്ഡപത്തിനടുത്ത് !
പണ്ഡിറ്റ് ജി കീ ജയ് ! കാതടപ്പിക്കുന്ന സ്വരത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ആധുനിക ഭാരതത്തിന്‍െറ പ്രമുഖ ശില്പി, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ കൈകള്‍ ഉയര്‍ത്തിവീശി ജനലക്ഷങ്ങളുടെ സ്നേഹബഹുമാനങ്ങള് സ്വീകരിക്കുന്നു. 63 തവണ ഔദ്യോഗിക വെടിമുഴക്കം. 63 ! അതെ. നെഹ്രുവിന് അന്ന് 63 വയസ്സായിരുന്നു. ഭാരവാഹികള്‍ നെഹ്രുവിനെ ഹാരാര്‍പ്പണം ചെയ്യുന്നു. പണ്ഡിറ്റ് ജി സ്വതസിദ്ധമായ പുഞ്ചിരിയോടെ മണ്ഡപത്തില്‍ ഇരിക്കുന്നു. കതിര്മണികള് കോര്‍ത്തുണ്ടാക്കിയ ഹാരം അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടു. അച്ഛനൊപ്പമുണ്ടായിരുന്ന മകള്‍ ഇന്ദിര പ്രിയദര്‍ശിനിക്ക് സമ്മാനമായി നെന്മണികള് കൊണ്ടൊരു ചെറിയചെപ്പ്. ഒപ്പമുണ്ടായിരുന്ന അവരുടെ കുട്ടികള്‍ക്ക്, സഞ്ജയിനും രാജീവിനും, കതിര് കുലകള്‍ കൊണ്ടൊരു ബൊക്കെ.
മത്സരത്തിന് സമയമായി , വലിയൊരു വെടിമുഴക്കം. എട്ടു ചുണ്ടന് വള്ളങ്ങള്‍ മിന്നല്‍ വേഗത്തില്‍ കുതിച്ചു മുന്നോട്ട്. അതായിരുന്നു മത്സരത്തിന്‍െറ തുടക്കം. പണ്ഡിറ്റ് നെഹ്രു ബൈനാകുലറിലൂടെ നയനാന്ദകരമായ ആ കാഴ്ച കണ്ടു. ആഹ്ലാദം അടക്കാന്‍ കഴിയാത്തൊരു ശിശുവിനെപ്പോലെ അദ്ദേഹം തുള്ളിച്ചാടി. വള്ളങ്ങള്‍ പവലിയന് സമീപം എത്താറായപ്പോള്‍ ആരാധ്യനായ അതിഥി കസേരയില്‍ നിന്നെഴുന്നേറ്റു. ചെറുമക്കളായ സഞ്ജയനേയും രാജീവിനേയും ചേര്‍ത്തു പിടിച്ചുകൊണ്ട് വിരലുകള്‍ ചൂണ്ടി ആ മുത്തച്ഛന് പറഞ്ഞു ! “അതാ വരുന്നു……..”
വള്ളങ്ങള്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തിച്ചേരുകയായിരുന്നു. തുല്യശക്തികള്‍ ആധിപത്യത്തിനു വേണ്ടി പരസ്പരം മല്‍സരിക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. മനസ്സിനെ മഥിക്കുന്ന പ്രശ്നങ്ങള്‍ നെഹ്രു മറന്നു. തുഴക്കാരുടെ താളത്തിനൊത്ത് അദ്ദേഹം ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങി. കായല്‍ക്കരയില്‍ കരഘോഷങ്ങള്‍ മുഴങ്ങി. അന്തരീക്ഷമാകെ വഞ്ചിപ്പാട്ടിന്‍െറ താളലയങ്ങള്‍ നിറഞ്ഞു.
നടുഭാഗം ചുണ്ടന് അവശ്വസനീയമായ വേഗതയില്‍ കുതിച്ചുനീങ്ങി ഫിനിഷിംഗ് പോയിന്റ് കടന്ന് ഒന്നാംസ്ഥാനത്തെത്തി. അന്നത്തെ ജില്ലാ കളക്ടറായിരുന്ന കേരളവര്‍മ്മ മൈക്കിലൂടെ മത്സരത്തിന്‍െറ ഫലങ്ങള്‍ അറിയിച്ചു. നടുഭാഗത്തിന്‍െറ ക്യാപ്റ്റന്‍ മാത്തു ചാക്കോ പണ്ഡിറ്റ് ജിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി. നടുഭാഗത്തിന്‍െറ പ്രശസ്തി ഉയര്‍ന്നു. എല്ലാ വള്ളങ്ങളുടേയും ക്യാപ്റ്റന്മാര് പണ്ഡിറ്റ് ജിയില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചു.
അതിനുശേഷം എല്ലാ ചുണ്ടന് വള്ളങ്ങളും ആലപ്പുഴ ബോട്ടുജെട്ടിയിലേക്ക് നീങ്ങി്. വി.ഐ.പി പവലിയനു മുന്നിലെത്തിയപ്പോള്‍ തുഴക്കാര്‍ ഉത്സാഹഭരിതരായി അവരുടെ മെയ് വഴക്കങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഈ കാഴ്ച നെഹ്രുവിനെ ഹരം പിടിപ്പിച്ചു. പവലിയനു തൊട്ടടുത്തെത്തിയ നടുഭാഗം ചുണ്ടനിലേക്ക് നെഹ്രു ചാടിക്കയറി. മറ്റുള്ളവരുടെ അകമ്പടിയോടെ അദ്ദേഹം നടുഭാഗം ചുണ്ടനില്‍ ജലയാത്ര നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജലയാത്രയില്‍ പുന്നമടക്കായലിന്‍െറ തീരങ്ങള്‍ കുളിരണിഞ്ഞു.
ലോകത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ ജല മേളയുടെ തുടക്കമായിരുന്നു അത്. ആദ്യ വള്ളംകളി ” പ്രൈമിനിസിറ്റേഴ്സ് ട്രോഫി “യ്ക്കു വേണ്ടിയുള്ളതായിരുന്നു. പിന്നീട് അത് നെഹ്രുട്രോഫി വള്ളംകളി ആയിത്തീര്‍ന്നു. ഇന്ന് നെഹ്രു ട്രോഫി സാധാരണ കുട്ടനാട്ടുകാരന്‍െറ ജല ഒളിമ്പിക്സ് ആണ്; കുട്ടനാട്ടുകാരന്‍െറ ദേശീയ ഉത്സവം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്രുട്രോഫി വള്ളംകളി എന്ന ലിങ്ക് സന്ദര്‍ശിക്കുക