ക്ലോസ്

ചരിത്രം

കിഴക്കിന്റെ വെനീസ്

കടപ്പുറം

വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍  ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൌന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ്‌ നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.

ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദിവാന്‍ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നോക്കെത്താദൂരത്ത്‌ പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന്‍ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു.

 കിഴക്ക് കോട്ടയം ജില്ലയില്‍ നിന്നും, തെക്ക്  കൊല്ലം(പഴയ ക്വൈലോന്‍) ജില്ലയില്‍ നിന്നും ഉള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് , 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല  രൂപീകരിക്കപ്പെട്ടത്.

വേമ്പനാട്ടു കായല്‍

ആംഗലേയ ഭാഷയി‍ല്‍ ‘ആലപ്പി’ എന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം 07.02.1990 ലെ എെ.ഒ.പി.നമ്പര്‍.113/90/RD ഉത്തരവ് പ്രകാരം പിന്നീട് ആലപ്പുഴ എന്ന നാമത്തില്‍ അറിയപ്പെട്ടു. ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഭൌതികമായ പ്രത്യേകതകളുമാകാം ആലപ്പുഴ എന്ന നാമം ഈ പ്രദേശത്തിന് നേടിക്കൊടുത്തത് എന്ന് ഊഹിക്കാം.  കടലിന്റെയും അതിലേക്ക് ഒഴുകി പതിക്കുന്ന പരസ്പര ബന്ധിതമായ നദികളുടേയും ഇടയിലെ ഭൂമി എന്നാണ് ആലപ്പുഴ എന്ന നാമത്തിന്റെ  അര്‍ത്ഥം.  29.10.1982 ലെ ജി.ഒ(എം.എസ്)1026/82/RD ഉത്തരവ് പ്രകാരം പുതുതായി രൂപീകൃതമായ പത്തനംതിട്ട ജില്ല, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നീ ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ളതാണ്.  പഴയ ആലപ്പുഴ ജില്ലയില്‍ നിന്നും പുതുതായി രൂപീകരിച്ച പത്തനംതിട്ട ജില്ലയിലേയ്ക്ക് ചേര്‍ന്ന ഭാഗങ്ങള്‍ തിരുവല്ല താലൂക്ക് മുഴുവനായും ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളുടെ ചില ഭാഗങ്ങളുമാണ്. ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ ആറ് താലൂക്കുകളാണ് ഉളളത്.  ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപളളി, ചെങ്ങന്നൂര്‍,മാവേലിക്കര എന്നിവയാണ് ആ താലൂക്കുകള്‍.

 

ആലപ്പുഴ പഴമ

പ്രാചീന ശിലായുഗത്തിലെ ആലപ്പുഴ ജില്ലയുടെ ചരിത്രം സുവ്യക്തമല്ല. തീരദേശ താലൂക്കുകളായ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി പ്രദേശങ്ങള്‍ ഒരു കാലത്ത് ജലത്താല്‍ മൂടപ്പെട്ടു കിടന്ന പ്രദേശങ്ങളാണെന്ന് ഊഹിക്കുന്നു.പിന്നീട് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് എക്കലും, മണലും കുന്ന് കൂടി ഉണ്ടായതാണ് ഈ പ്രദേശമെന്ന് കരുതുന്നു.  എന്നാല്‍ കുട്ടനാട് സംഘകാലത്തിന്റെ  തുടക്കം മുതല്‍ ഖ്യാതി കേട്ടപ്രദേശമാണ്.  പഴയകാല ചേരരാജക്കന്‍മാര്‍ കുട്ടനാട്ടില്‍ താമസിച്ചിരുന്നു. അവരെ ‘കുട്ടുവര്‍’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്.  ആ നാമത്തില്‍ നിന്നാണ് കുട്ടനാട് എന്ന പദം ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിലും പളളികളിലും കാണുന്ന ശിലാ ലിഖിതങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, പാറയിലുള്ള കൊത്തുപണികള്‍, ചില പുരാവസ്തു അവശിഷ്ടങ്ങള്‍ എന്നിവയും, ‘ഉണ്ണുനീലി സന്ദേശം’ പോലുളള സാഹിത്യ കൃതികളും ജില്ലയുടെ പുരാതന കാലഘട്ടത്തിലേയ്ക്ക് ഉള്‍ക്കാഴ്ച

നെല്‍വയലുകള്‍

പകരുന്നതാണ്.  ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന  പ്ലിനിയും ടോളമിയും അവരുടെ ചിരസമ്മതമായ ഗ്രന്ഥങ്ങളില്‍ ആലപ്പുഴയിലെ പുറക്കാട്(ബാരാസ്) പോലുളള സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.  എ.ഡി.ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ  ക്രിസ്തുമതം  ജില്ലയില്‍ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു.  ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ സെന്റ് തോമസ് സ്ഥാപിച്ച ഏഴ് പളളികളില്‍ ഒന്നായ കൊക്കമംഗലം അല്ലെങ്കില്‍ കൊക്കോതമംഗലം പളളി ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ആയിരുന്നു.  എ.ഡി.52 ല്‍  മൂസിരിസ് തുറമുഖത്തെ മാലിയക്കരയിലാണ് സെന്റ് തോമസ് ആദ്യമായി എത്തിചേര്‍ന്നത്. ഇന്ന് കൊടുങ്ങല്ലൂര്‍ എന്ന് അറിയപ്പെടുന്ന ആ തുറമുഖം ക്രാങ്ങനൂര്‍  എന്നും അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ്.  എ.ഡി 09-ാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ രണ്ടാം ചേര സാമ്രാജ്യത്തിന്റെറ കീഴില്‍ ജില്ല, മതപരവും സാംസ്ക്കാരികവുമായി    അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിക്കുകയുണ്ടായി.  ചെങ്ങന്നൂര്‍ ഗ്രാമത്തിലെ പണ്ഡിതനായ ശക്തി ഭദ്രന്‍ രചിച്ച ആചാര്യ ചൂഢാമണി എന്ന പ്രശ്ത സംസ്കൃത നാടകം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്.

പതിനാറാം നൂറ്റാണ്ട്

കായംകുളം കായല്‍

പതിനാറാം നൂറ്റാണ്ടില്‍ കായംകുളം(ഇന്നത്തെ കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്ക്), അമ്പലപ്പുഴ അഥവാ ചെമ്പകശേരി എന്ന് വിളിക്കപ്പെടുന്ന പുറക്കാട് (ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍), പുത്തേടത്ത്, ഇല്ലേടത്ത് എന്നീ രണ്ട് ചെറു പ്രദേശങ്ങള്‍ ചേര്‍ന്ന കരപ്പുറം(ഇപ്പോഴത്തെ ചേര്‍ത്തല താലൂക്ക്) എന്നീ ചെറു രാജ്യങ്ങള്‍ ഏറെ ശക്തി പ്രാപിച്ചു.  ഈ കാലഘട്ടത്തില്‍ തന്നെയാണ് പോര്‍ച്ചുഗീസുകാര്‍  ജില്ലയില്‍ എത്തിയതും രാഷ്ട്രീയ രംഗത്ത് ഔന്നത്യം പ്രാപിച്ചതും.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമതം ജനപ്രീതി ആര്‍ജിക്കുകയും പ്രശസ്തമായ പുറക്കാട്, അര്‍ത്തുങ്കല്‍ പളളികള്‍ സ്ഥാപിക്കുകയും ചെയ്തത് 16-ാം നൂറ്റാണ്ടിലാണ്.  പൂരാടം തിരുനാള്‍ ദേവനാരായണന്റെ ഭരണത്തിന്‍ കീഴില്‍ ചെമ്പകശ്ശേരി രാജ്യം അതിന്റെ ഉന്നതിയില്‍ എത്തിയത് ഈ നൂറ്റാണ്ടിലാണ്.  പ്രശസ്ത പണ്ഡിതനും കവിയുമായ അദ്ദേഹമാണ്  ഭഗവത് ഗീത യുടെ ആദ്യ ഭാഗത്തിന്റെ വ്യഖ്യാനമായ വേദാന്തരത്നമാല എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. 16-ാം നൂറ്റാണ്ടില്‍ തന്നെയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിര്‍മിക്കപ്പെട്ടതും.   മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്,  ശ്രീ നീലകണ്ഠ ദീക്ഷിതര്‍, ശ്രീ കുമാരന്‍ നമ്പൂതിരി തുടങ്ങിയ ശ്രേഷ്ഠരായ പണ്ഡിതര്‍ പൂരാടം തിരുനാളിന്റെ രാജസദസ് അലങ്കരിച്ചിരുന്നതായി വിശ്വസിക്കുന്നു.

പതിനേഴാം നൂറ്റാണ്ട്

പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കുകയും ജില്ലയിലെ ചെറു രാജ്യങ്ങളില്‍ ഡച്ചുകാരുടെ സ്ഥാനം ശക്തിപ്പെടുകയും ചെയ്തു.

കയര്‍

അതിന്റെ ഫലമായി ഡച്ചുകാരും പുറക്കാട്, കായംകുളം, കരപ്പുറം എന്നിവിടങ്ങളിലെ  രാജാക്കന്മാരുമായി നിരവധി സന്ധി വ്യവസ്ഥകളിള്‍ ഒപ്പു വെയ്ക്കുകയും ചെയ്തു. സുഗന്ധ ദ്രവ്യങ്ങളായ ഇഞ്ചി, കുരുമുളക് മുതലായവ സൂക്ഷിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിള്‍ ഫാക്ടറികളും പണ്ഡക ശാലകളും ഡച്ചുകാര്‍ സ്ഥാപിച്ചു. ക്രമേണ ജില്ലയുടെ രാഷ്ട്രീയവും സാംസ്ക്കാരികവുമായ കാര്യങ്ങളില്‍ ഇടപെടാന്‍  തുടങ്ങി. ആ സമയത്ത് ആധുനിക തിരുവതാംകൂറിന്റെ ശില്പിയായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കായംകുളം, അമ്പലപ്പുഴ , തെക്കുംകൂര്‍, വടക്കുംകൂര്‍, കരപ്പുറം എന്നീ രാജ്യങ്ങള്‍ തിരുവിതാംകൂറിനോട് സംയോജിപ്പിച്ചപ്പോള്‍,  ഡച്ചുകാര്‍ ജില്ലയുടെ രാഷ്ട്രീയ രംഗത്ത് നിന്നും പിന്‍മാറി.  ജില്ലയുടെ ആഭ്യന്തര പുരോഗതിയ്ക്ക് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പങ്ക് സ്തുത്യര്‍ഹമാണ് . ഭരണപരമായും വാണിജ്യപരമായും ജില്ലയെ വികസിപ്പിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധ നല്‍കി. ഇന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് സ്മാരകമായി സംരക്ഷിക്കുന്ന കൃഷ്ണപുരം കൊട്ടാരം നിര്‍മ്മിക്കപ്പെട്ടത് 17-ാം നൂറ്റാണ്ടിലാണ്.  ആ കാലഘട്ടത്തിലാണ് തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും, പ്രശസ്ത  കവിയുമായിരുന്ന  കുഞ്ചന്‍ നമ്പ്യാര്‍ തിരുവതാംകൂര്‍ രാജസദസിലേയ്ക്ക് അവരോധിതനാകുന്നതും.

ആധുനിക ആലപ്പുഴ

സീ വ്യൂ പാര്‍ക്ക്‌

ധര്‍മ്മരാജയുടെ ഭരണകാലത്താണ് ജില്ലയ്ക്ക് എല്ലാവിധത്തിലുമുളള പുരോഗതി കൈവരുന്നത്. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്ന, തിരുവിതാംകൂറിലെ അന്നത്തെ ദിവാന്‍ രാജാകേശവദാസ്  ആലപ്പുഴയെ തിരുവിതാംകൂറിലെ പ്രധാന തുറമുഖ നഗരമാക്കി മാറ്റി. പണ്ടകശാലകളും, ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്കായി   ധാരാളം റോഡുകളും, തോടുകളും  നിര്‍മ്മിച്ചു.  ദൂരെനിന്നും അടുത്തുനിന്നുമുളള വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാവിധ സൌകര്യങ്ങളും അദ്ദേഹം നല്‍കി.  ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്തും വേലുത്തമ്പിദളവ, ആലപ്പുഴ പട്ടണത്തിന്റെയും തുറമുഖത്തിന്റെയും വികസനത്തിന് വേണ്ടി പ്രത്യേകം താല്‍പ്പര്യം എടുത്തിരുന്നു.  പാതിരാമണല്‍ ദ്വീപില്‍ മുഴുവന്‍ കേരവൃക്ഷങ്ങളള്‍ നട്ടു പിടിപ്പിക്കുകയും വലിയ ഭൂപ്രദേശം നെല്‍കൃഷി ചെയ്യുകയും ചെയ്തു.  ആലപ്പുഴയുടെ വികസനത്തിന് വേലുത്തമ്പി ദളവയുടെ  പങ്ക്  നിസ്തുലമാണ്. 19-ാം നൂറ്റാണ്ടോടെ എല്ലാ മേഖലയിലും  ആലപ്പുഴ ജില്ല പുരോഗതി കൈവരിച്ചു. കോടതികളുടെ പുനസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ 5 സബ്കോടതികളില്‍ ഒന്ന് കേണല്‍ മണ്ട്രോ മാവേലിക്കരയില്‍ ആരംഭിച്ചു.  പഴയ തിരുവിതാംകൂര്‍ രാജ്യത്തെ    ആദ്യ പോസ്റ്റ് ഒാഫീസ്, ആദ്യ ടെലഗ്രാം ഒാഫീസ് എന്നിവ   ആലപ്പുഴയുടെ നേട്ടങ്ങളില്‍പ്പെടുന്നു. കയറ്റുപായും കയര്‍ത്തടുക്കും നിര്‍മിക്കുന്ന ആധുനിക ഫാക്ടറി ആദ്യമായി സ്ഥാപിച്ചത് 1859 ല്‍‍ ആണ്.  1894-ല്‍ നഗര വികസന കമ്മറ്റിയും നിലവില്‍ വന്നു.

സ്വാതന്ത്ര്യ സമര ചരിത്രം

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആലപ്പുഴയ്ക്ക് ശ്രദ്ധേയമായ സ്ഥാനമാണുളളത്.  തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ പോലുളള അനാചാരങ്ങള്‍ക്കെതിരെ ധീരനായ പത്രപ്രവര്‍ത്തകന്‍ റ്റി.കെ മാധവന്റെ നേത്യത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കപ്പെടുകയും 1925-ല്‍ ക്ഷേത്രങ്ങളിലേയ്ക്ക് ഉളള എല്ലാ റോഡുകളും പ്രത്യേകിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയ്ക്കുള്ള  റോഡുകള്‍ ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു.  ഭരണഘടനാപരമായ അടിച്ചമര്‍ത്തലിനെതിരെ 1932 ല്‍ ആരംഭിച്ച നിവര്‍ത്തന പ്രക്ഷോഭം പോലുളള സമര രീതിക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരം (തൊഴിലാളിസമരം) ഉണ്ടായതും 1938 ല്‍ ആലപ്പുഴയിലാണ്.

പുന്നപ്ര വയലാര്‍ സമരങ്ങള്‍

പുന്നപ്ര വയലാര്‍

1946 – ല്‍ ജില്ലയിലെ പുന്നപ്രയിലും വയലാറിലും ഉണ്ടായ എെതിഹാസികപരമായ സമരങ്ങള്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യര്‍ക്ക് എതിരായ ജനങ്ങളുടെ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു .  ആ സമരങ്ങള്‍  ആത്യന്തികമായി സര്‍.സി.പി എന്ന ഭരണാധികാരിയെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്ത് നിന്നും എന്നന്നേക്കുമായി നിഷ്കാസിതനാക്കുന്നതിന് വഴിതെളിച്ചു.  ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം 1948-ന് മാര്‍ച്ച് 24 ന് ജനകീയ മന്ത്രിസഭ രൂപീകരിക്കപ്പെടുകയും 1949 ജൂലൈ ഒന്നിന്  തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ സംയോജിക്കപ്പെടുകയും ചെയ്തു.  എന്നാല്‍ 1956 ല്‍ സംസ്ഥാന പുനസംഘടന കമ്മറ്റി നിലവില്‍വരുന്നത് വരെ പഴയ സംസ്ഥാനങ്ങള്‍ തുടരുകയും ചെയ്തു. ജില്ല ഒരു പ്രത്യേക ഭരണപരമായ യൂണിറ്റായി നിലവില്‍ വന്നത് 1957 ഒാഗസ്റ്റ് 17 നാണ്.