ക്ലോസ്

കൊറോണ – കർശന നിർദ്ദേശങ്ങളുമായി ജില്ലാഭരണകൂടം

ജില്ലയില്‍ 144 പ്രഖ്യാപിച്ചു
നാലിലധികം ആളുകള്‍ ഒത്തുകൂടരുത്
മാര്‍ച്ച് 10 ന് ശേഷം വിദേശത്തുനിന്ന് മടങ്ങിവന്നവര്‍ വിവരം ജില്ലാ ഭരണകൂടത്തേയും പോലീസിനേയും നിര്‍ബന്ധമായും വിവരമറിയിക്കണം
ആലപ്പുഴ ജില്ലയില്‍ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. മാര്‍ച്ച് 31 രാത്രി 12 മണിവരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. ജില്ലയിലെ  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായാണിത്. ഉത്തരവ് പ്രകാരം  ജില്ലയില്‍ ഒരിടത്തും നാലിലധികം ആളുകള്‍ ഒരുമിച്ച് കൂടാന്‍ പാടില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ജില്ലയില്‍ നിര്‍ത്തലാക്കേണ്ടതാണെന്നും ഓട്ടോ, ടാക്‌സി മുതലായവ അടിയന്തിരാവശ്യങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
സ്വകാര്യ വാഹനങ്ങള്‍ അവശ്യ സാധനങ്ങള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ. ഇരുചക്ര വാഹനമൊഴികെയുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ കൂടാതെ ഒരു മുതിര്‍ന്ന വ്യക്തി മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. സര്‍ക്കാര്‍ ജീവനക്കാര്‍,  മറ്റ് ജീവനക്കാര്‍ എന്നിവര്‍ യാത്രചെയ്യുമ്പോള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ഈ നിര്‍ദ്ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യും.
 പാല്‍, പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് വിതരണ മേഖല, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, എന്നിവയൊഴികെ ഒരു സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് വസ്തുക്കള്‍, മുട്ട, മാംസം, മത്സ്യം, കാലിത്തീറ്റ- കോഴിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകളും, സൂപ്പര്‍ മാര്‍ക്കറ്റുകളും,  ബേക്കറികളും തുറന്നുപ്രവര്‍ത്തിക്കാം. ഇപ്രകാരം തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണിവരെ മാത്രമെ  പ്രവര്‍ത്തിക്കാവൂ. ബേക്കറികള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ജ്യൂസ്, ചായ തുടങ്ങിയവ വില്‍ക്കാന്‍ പാടില്ല. തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിയന്ത്രണം ലംഘിച്ച് ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.  ബാങ്ക് എടി.എമ്മുകള്‍, പ്രിന്റ് ആന്റ് ഇലക്ട്രോണിക്‌സ് മീഡിയ, അവശ്യപൊതുവിതരണ ചരക്കുനീക്കം, ഭക്ഷ്യനിത്യോപയോഗ സാധനങ്ങളുടെ വിതരണം എന്നിവ  ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകള്‍ക്ക്  ഈ നിയന്ത്രണം ബാധകമല്ല. ബാങ്കുകള്‍ രണ്ടു മണിവരെ മാത്രമെ പ്രവര്‍ത്തിക്കാവൂ. മാര്‍ച്ച് 23-ലെ സര്‍ക്കാര്‍ ഉത്തരവില്‍ ഒഴിവാക്കിയിട്ടുള്ളവയൊഴികെ യാതൊരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല.
വിദേശത്തുനിന്നും /അന്യസംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വന്നിട്ടുള്ളവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. മാര്‍ച്ച് 10 ന് ശേഷം വിദേശത്തുനിന്ന് മടങ്ങിവന്നവര്‍ വിവരം ജില്ലാ ഭരണകൂടത്തേയും പോലീസിനേയും നിര്‍ബന്ധമായും അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും താമസിക്കുന്ന മുറിവിട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലഭിക്കാതെ പുറത്തിറങ്ങാന്‍ പാടില്ല.
ഉത്തരവ് പ്രകാരമുള്ള നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ (തഹസീല്‍ദാര്‍മാര്‍) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ട് ഇന്നലെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടുന്നതായും , നിയന്ത്രണമില്ലാതെ യാത്ര ചെയ്യുന്നതായും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് 144 പ്രകാരം നിയന്ത്രണങ്ങള്‍ പഖ്യാപിച്ച്  ജില്ലാ കളക്ടര്‍ എം അഞ്ജന ഉത്തരവിട്ടത്.