ക്ലോസ്

ജില്ലയെ കുറിച്ച്

വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൌന്ദര്യത്തില്‍  മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ്‌ നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.

ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദിവാന്‍ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് . നോക്കെത്താദൂരത്ത്‌ പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന്‍ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു. കൂടുതല്‍ വായിക്കുക….

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ :

വടക്ക് അക്ഷാശം 9o 05’ ഉം 9o 54′
കിഴക്ക് രേഖാംശം 76o 17 30′ ഉം 76o 40′

അതിരുകള്‍

വടക്ക് – എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകള്‍
കിഴക്ക് – കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി, അടൂര്‍ താലൂക്കുകള്‍
തെക്ക് – കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കരുനാഗപ്പളളി താലൂക്കുകള്‍
പടിഞ്ഞാറ് – ലക്ഷദ്വീപ്(അറബി) കടല്‍

ഭൂപ്രകൃതി

വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ആലപ്പുഴ ജില്ലയ്ക്കുളളത്. കായലുകളാലും, നദികളാലും, തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മണൽ പ്രദേശമാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത. ജില്ലയിൽ മലമ്പ്രദേശങ്ങൾ ഉള്‍പ്പെട്ടിട്ടില്ല എന്നിരിക്കിലും, ഭരണിക്കാവ്, ചെങ്ങന്നൂർ, ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങള്‍ക്കിടയിൽ അവിടവിടെയായി ചില കുന്നുകള്‍ ചിതറി കിടപ്പുണ്ട്. ചേർത്തല അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പളളി എന്നീ താലൂക്കുകൾ മുഴുവനായും തീരദേശ മേഖലയിൽ(low land)പെടുന്നു. ജില്ലയുടെ 80% ഭൂഭാഗവും തീരദേശ മേഖലയിലും ബാക്കി ഭാഗം ഇടനാട് (mid land) പ്രദേശത്തിലും ഉള്‍പ്പെടുന്നു . ജില്ലയ്ക്ക് 82 കി.മീ. ദൂരം പരന്ന ഇടമുറിയാതെയുളള കടൽത്തീരമാണുളളത്. സംസ്ഥാനത്ത് മലനാട് (high land) പ്രദേശം ഉള്‍പ്പെടാത്ത ഏക ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ വിസ്തൃതിയുടെ 13% ത്തോളം ജലാശയങ്ങളാണ്. കുട്ടനാട് പ്രദേശമാകട്ടെ സമുദ്ര നിരപ്പിനെക്കാൾ താഴ്ന്ന പ്രദേശവുമാണ്.

കാലാവസ്ഥ

തീര പ്രദേശങ്ങളില്‍ ഉഷ്ണവും, ഈര്‍പ്പവും , മറ്റു പ്രദേശങ്ങളില്‍ സമുദ്രതീരത്തെ അപേക്ഷിച്ച്‌ അല്പം തണുത്തതും ,വരണ്ടതുമായ കാലാവസ്ഥയാണ്‌ പൊതുവേയുള്ളത് . ശരാശരി ചൂട് 25oC ആണ്. ഇടവപ്പാതിയും, തുലാവര്‍ഷവും, കേരളത്തിലെ മറ്റു ജില്ലകളെപ്പോലെ തന്നെ ആലപ്പുഴയിലും ലഭിക്കുന്നു. അരൂക്കുറ്റി , ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്,കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ മഴമാപിനി സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ശരാശരി വര്‍ഷപാതം 2763 മി.മീ. ആണ്.

ഉഷ്ണക്കാലം : മാര്‍ച്ച് മുതല്‍ മേയ് വരെ
തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) : ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ
വടക്ക്-കിഴക്കന്‍ കാലവര്‍ഷം (തുലാവര്‍ഷം) : ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ
വരണ്ട കാലാവസ്ഥ : ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ

മണ്ണും , വിളകളും
മണ്ണ് താലൂക്ക് വിളകള്‍ [പ്രധാനപ്പെട്ടവ ]
മണല്‍ ചേര്‍ത്തല, അമ്പലപ്പുഴ , കാര്‍ത്തികപ്പള്ളി എന്നീ താലുക്കുകളുടെ പടിഞ്ഞാറന്‍ പ്രദേശം തെങ്ങ്
കരിമണല്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളുടെ കിഴക്കന്‍ പ്രദേശങ്ങളും, കുട്ടനാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളും ഫലഭൂയിഷ്ഠത കുറഞ്ഞ പ്രദേശം
എക്കല്‍ കുട്ടനാടിന്റെ മറ്റു പ്രദേശങ്ങള്‍, കാര്‍ത്തികപ്പള്ളിയുടെ വടക്ക്-കിഴക്ക് പ്രദേശങ്ങള്‍, ചെങ്ങന്നൂരിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മാവേലിക്കരയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങള്‍ , പമ്പ,മണിമല, അച്ചന്‍കോവില്‍ എന്നീ നദികള്‍ വേമ്പനാട് കായലില്‍ പതിക്കുന്ന അഴിമുഖ പ്രദേശങ്ങള്‍ നെല്ല്, കരിമ്പ്‌
ചെമ്മണ്ണ് ചെങ്ങന്നൂർ , മാവേലിക്കര താലൂക്കുകളുടെ ഭൂരിഭാഗം തെങ്ങ്, കവുങ്ങ്, പഴവര്‍ഗ്ഗങ്ങള്‍ മുതലായവ